News

യു സി കോളേജ് ഭാരവാഹികൾ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി യെ സന്ദർശിച്ചു

യു സി കോളേജ് ഭാരവാഹികൾ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി യെ സന്ദർശിച്ചു

യുസി കോളജിനും തിരുവിതാംകൂർ രാജകുടുംബത്തിനും ഇടയിൽ ആഴമുള്ള ഒരു ആത്മബന്ധമുണ്ട്. 1921ൽ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവ് കരമൊഴിവായി നൽകിയ 18 ഏക്കർസ്ഥലത്താണ് കോളേജ് പ്രവർത്തനമാരംഭിച്ചത്. യുസി കോളേജ് ആർദ്രമായ ആ ആത്മബന്ധത്തിന്റെ ധന്യമായ ചരിത്രസ്മരണകൾ എപ്പോഴും ഹൃദയത്തോട് ചേർത്ത് പിടിച്ചിട്ടുണ്ട്.

ശതാബ്ദി ആഘോഷത്തിന്റെ നിറവിൽ കോളജ് എത്തിനിൽക്കുമ്പോൾ തിരുവിതാംകൂർ രാജകുടുംബത്തെയും ആഘോഷ പരിപാടികളിലേക്ക് ക്ഷണിക്കണമെന്ന നിർദ്ദേശം വിവിധ കോണുകളിൽനിന്ന് ഉയർന്നുവന്നിരുന്നു.

ഇതിൻറെ ഭാഗമായി ഇക്കഴിഞ്ഞ ഞായറാഴ്ച (7/3) മാനേജരുടെയും പ്രിന്സിപ്പലിന്റെയും നിർദ്ദേശപ്രകാരം ഡോ എം ഐ പുന്നൂസ്, ഡോ മിനി ആലിസ്, ഡോ അനിൽ കുമാർ എം, പ്രൊഫ. രേഖ ആർ നായർ എന്നിവർ പ്രത്യേക അനുവാദം വാങ്ങി കൊട്ടാരത്തിലെത്തി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടിയെ സന്ദർശിച്ച് കോളേജിൻറെ സ്നേഹോപഹാരം സമർപ്പിക്കുകയും ആഘോഷ പരിപാടികളിലേക്ക് ക്ഷണിക്കുകയും ചെയ്തു.

അവിസ്മരണീയമായ ഒരു ചരിത്ര നിയോഗമായിരുന്നു ഞങ്ങൾക്ക് ലഭിച്ചത്. വളരെ ആഹ്ലാദകരമായിരുന്നു കൂടിക്കാഴ്ച. തമ്പുരാട്ടി വളരെ സ്നേഹത്തോടെ ഞങ്ങളെ സ്വീകരിക്കുകയും ഊഷ്മളമായ ആഥിത്യം നൽകുകയുമുണ്ടായി. സുവനീർ കമ്മിറ്റി തയ്യാറാക്കിയ മെമന്റോയുടെ പ്രകാശനവും തമ്പുരാട്ടി നിർവഹിച്ചു. കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്ന മുറയ്ക്ക് ആഘോഷപരിപാടികളിൽ എപ്പോഴെങ്കിലും പങ്കെടുക്കാമെന്ന ഉറപ്പും അശ്വതിതിരുനാൾ തമ്പുരാട്ടി നൽകിയതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ ഉച്ചയോടെ അവിടെ നിന്ന് മടങ്ങിയത്.

തിരുവനന്തപുരത്തുള്ള നമ്മുടെ പൂർവ്വ വിദ്യാർത്ഥികളായ വന്ദനയുടെയും(Malayalam) റസിന്റെയും(Economics) സഹായത്തോടെ ട്രിവാൻഡ്രം ക്ലബ്ബിൽ വച്ച് തിരുവനന്തപുരം മേഖലയിലെ പൂർവ്വവിദ്യാർത്ഥികളുടെ ഒരു സമ്മേളനം 2 മണിക്ക് സംഘടിപ്പിക്കാനും കഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ നോട്ടീസ് നൽകി സംഘടിപ്പിച്ചതാണെങ്കിലും 30 പേരോളം യോഗത്തിൽ സംബന്ധിച്ചു. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ തിരുവനന്തപുരം ചാപ്റ്ററിന്റെ ഏകോപന ത്തിനും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പ്രത്യേകം ഒരു കമ്മിറ്റിയെ യോഗത്തിൽ തെരഞ്ഞെടുത്തു. വളരെ ഹൃദ്യമായ ഒരു കുടുംബസംഗമം ആയി അത് മാറി.

Leave a Reply

Your email address will not be published. Required fields are marked *



Related Posts